പൃഥ്വിരാജ് ബോളിവുഡ് സംവിധായകന്‍ ആകുന്നു


സിനിമാ സംവിധാന രംഗത്തേക്ക് തിരിയാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന കാര്യം പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എപ്പോള്‍, എങ്ങനെ, എവിടെയെന്ന കാര്യം അറിയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ പൃഥ്വി കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്.

മോളിവുഡിലല്ല, ബോളിവുഡിലാണ് പൃഥ്വിരാജിന്റെ സംവിധായകനായുള്ള അരങ്ങേറ്റം. അതും ഏറെ അംഗീകാരങ്ങള്‍ വാങ്ങിക്കൂട്ടിയ ഒരു മലയാള ചിത്രം റീമേക്ക് ചെയ്തുകൊണ്ട്. ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേക്കുള്ള വഴി’ യാണ് പൃഥ്വി തിരഞ്ഞെടുത്തിരിക്കുന്നത്. ‘വീട്ടിലേക്കുള്ള വഴി’യുടെ ഹിന്ദി റീമേക്ക് ചെയ്യാനുള്ള അനുവാദം നിര്‍മാതാവ് ബി.സി. ജോഷിയില്‍ നിന്ന് പൃഥ്വി നേടിക്കഴിഞ്ഞു. എന്നാല്‍ ചിത്രം എന്ന് തുടങ്ങുമെന്ന് പറയാനാവില്ലെന്നാണ് താരം പറയുന്നത്. ഇതിനായി ഇനിയും പല തയാറെടുപ്പുകളും ബാക്കിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പൃഥ്വിരാജാണ് വീട്ടിലേക്കുള്ള വഴിയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ദല്‍ഹി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഭാര്യയും അഞ്ചു വയസ്സുകാരനായ മകനും നഷ്ടപ്പെട്ട ഒരു ഡോക്ടര്‍ കഥാപാത്രമായാണ് പൃഥ്വി ‘വീട്ടിലേക്കുള്ള വഴി’യില്‍ അഭിനയിച്ചത്. ഡോക്ടര്‍ക്ക് മരണാസന്നയായ ഒരു വനിതാ പേഷ്യന്റില്‍ നിന്നും അവര്‍ മരിക്കും മുന്‍പ് ഒരു ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നു. ആ സ്ത്രീയുടെ മകനെ തീവ്രവാദി നേതാവായ അച്ഛനടുത്തെത്തിക്കുക എന്നതായിരുന്നു ആ ദൗത്യം. ആ സ്ത്രീയുടെ മകനൊപ്പം ഡോക്ടര്‍ നിരവധി തീവ്രവാദി ക്യാമ്പുകളിലൂടെ യാത്ര ചെയ്യുന്നു. സാഹസികമായ ആ യാത്രയില്‍ തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളുണ്ടാവുന്നു. ഇതാണ് വീട്ടിലേക്കുള്ള വഴിയില്‍ ചിത്രീകരിച്ചത്. ഇന്ദ്രജിത്ത്, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, ധന്യാമേരി വര്‍ഗീസ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

ഡോക്ടര്‍ ബിജുവിന്റേത് തന്നെയായിരുന്നു ഇതിന്റെ കഥയും തിരക്കഥയും. വീട്ടിലേക്കുള്ള വഴി 2010 ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രം നേടുകയും ചെയ്തരുന്നു.ബോളിവുഡില്‍ പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രം അയ്യാ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രം അധികം വൈകാതെ തിയ്യേറ്ററുകളിലെത്തുമെന്നാണറിയുന്നത്.

നേരത്തെ ഉറുമിയിലൂടെ പൃഥ്വിരാജ് നിര്‍മാതാവായി അരങ്ങേറ്റം കുറിച്ചിരുന്നു.

Leave a Comment